ABOUT TEMPLE

ആലപ്പുഴ ജില്ലയിൽ ചേർത്തല പട്ടണത്തിനു അഞ്ചു കിലോമീറ്റർ തെക്ക് ദേശീയപാതയിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് തിരുവിഴ എന്ന ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മഹാ ക്ഷേത്രമാണ് തിരുവിഴ മഹാദേവ ക്ഷേത്രം .ഒട്ടേറെ പ്രത്യേകതകളുള്ള ഇ ക്ഷേത്രത്തിലെ പ്രധാന മൂർത്തി തിരുനീലകണ്ഠഭാവത്തിലുള്ള ശ്രീ പരമേശ്വരനാണ് യെശശ്ശരീരനായ കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതീഹ്യമാലയിൽ ക്ഷേത്രോത്പത്തിയെ സംബന്ധിച്ചും ,കൈവിഷമോചനത്തിനായി ഈ ക്ഷേത്രത്തിൽ മാത്രം നടക്കുന്ന മരുന്നു സേവയെ സംബന്ധിച്ചും മറ്റും തിരുവിഴ മഹാദേവനും അവിടുത്തെ മരുന്നും എന്ന ഒരു അദ്ധ്യായം തന്നെ എഴുതി ചേർത്തിട്ടുണ്ട്.

കാടായി കിടന്നിരുന്ന ഈ പ്രദേശത്തു ധാരാളം ഉള്ളാടന്മാർ (വേട്ടുവർ ) താമസിച്ചിരുന്നുവത്രെ .ആമകളായിരുന്നു ഇക്കൂട്ടരുടെ പ്രിയപ്പെട്ട ഭക്ഷണം . ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു കാട്ടു കുളം ആയിരുന്നു . അവിടെ കാരാമയെ അന്വേഷിച്ചു നടന്ന ഒരു ഉള്ളാട സ്ത്രീ കുളത്തിലെ ചേറിൽ അലകുകോൽ (കാരാരാമക്കോൽ) കൊണ്ട് കുത്തിയപ്പോൾ അവിടെ നിന്നും രക്തം ശക്തിയോടെ മേലോട്ടുയർന്നു വരുന്നതായി കണ്ടു .ഇതു കണ്ടു ഭയചകിതയായ സ്ത്രീ 'തിരൂപിഴൈ' എന്ന് അലറിവിളിച്ചുകൊണ്ട് സ്ഥലമുടമയായ അറക്കൽ പണിക്കരെ വിവരം അറിയിച്ചു .മറ്റു നാട്ടു പ്രമാണിമാരോടൊപ്പം അദ്ദേഹം സ്ഥലം സന്ദർശിച്ചപ്പോൾ കുളത്തിലെ വെള്ളം രക്തമയമായി കണ്ടു .ഭയ ചകിതരായ നാട്ടുകാർ ഒത്തുകൂടി കുളത്തിലെ വെള്ളം വറ്റിക്കാൻ ശ്രമിച്ചു . മൂന്ന് ദിവസം പരിശ്രമിച്ചിട്ടും വെള്ളം പൂർണമായി വറ്റിക്കാൻ കഴിഞ്ഞില്ല .എന്നാൽ അമ്മിക്കുഴവിയുടെ ആകൃതിയിലുള്ള ഒരു ശിലയും അതിൽ നിന്നും രക്തവും വമിച്ചു കൊണ്ടിരിക്കുന്നത് കാണാനായി .അടുത്ത പ്രഭാതത്തിൽ ഒരു യോഗീശ്വരൻ അവിടെ എത്തിച്ചേർന്നു . ഇത് സ്വയം ഭൂവായ ശിവ ലിംഗം ആണെന്നും ഇതിന്റെ ചുവടു കാണാൻ ശ്രമിക്കരുതെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ സഞ്ചിയിൽ നിന്നും കുറച്ചു ഭസ്മം എടുത്ത് ശിലയിൽ രക്തം സ്രവിച്ചുകൊണ്ടിരുന്ന ഭാഗത്തു പുരട്ടിയതോടുകൂടെ രക്ത സ്രാവം നിലച്ചു . അവിടെ മണ്ണിട്ടു നികത്തി ക്ഷേത്രം പണികഴിപ്പിച്ചു വേണ്ടതു പോലെ ആചരിക്കുകയും ആദരിക്കുകയും സേവിക്കുകയും ചെയ്താൽ ഈ ദേശത്തിനും ജനങ്ങൾക്കും വേണ്ടുന്ന ശ്രെയസ്സുകൾ ശ്രീ പരമേശ്വരൻ നൽകും എന്നുകൂടി പറഞ്ഞുകൊണ്ട് യോഗിവര്യൻ അപ്രത്യക്ഷനായി .ജനങ്ങളുടെ ഭയവും സംശയവും ദൂരീകരിക്കുവാനായി ഭഗവാൻ തന്നെയാണ് യോഗി വേഷത്തിൽ എത്തിയതെന്ന് എല്ലാവരും വിശ്വസിച്ചു . പിന്നീട് യോഗീശ്വരന്റെ നിർദേശാനുസരണം നാട്ടുകാർ എല്ലാവരും ചേർന്ന് ശിവലിംഗം കാണത്തക്ക വിധത്തിൽ കുളം മണ്ണിട്ട് നികത്തി ക്ഷേത്രം പണി കഴിപ്പിച്ചു പ്രതിഷ്ട്ട ഉറപ്പിച്ച് കലശക്രിയകളും മറ്റും നടത്തി ആരാധന നടത്തി വരികയാണ് . ഇപ്പോഴും വർഷകാലത്തു വെള്ളം പൊങ്ങുമ്പോൾ ശിവലിംഗം മുങ്ങിപ്പോകാറുണ്ട് . ആ സമയത്തു ശാന്തിക്കാർ ഗർഭഗൃഹത്തേക്കാൾ ഉയർന്ന അറകളുള്ള മുറിയിൽ ഇരുന്നാണ് പൂജ നടത്തുന്നത് . അന്ന് ഉള്ളാട സ്ത്രീ അലറിവിളിച്ച 'തിരു പ്പിഴൈ' എന്ന വാക്ക് രൂപാന്തിരം പ്രാപിച്ചു 'തിരുവിഴ ' എന്ന സ്ഥലനാമമായി അറിയപ്പെട്ടു.

ക്ഷേത്രോൽപ്പത്തിക്ക് കാരണമായ ഉള്ളാടത്തി അമ്മയെ ക്ഷത്ര മതിലിനു പുറത്തു തറ കെട്ടി സങ്കൽപ്പിച്ചു ആരാധിച്ചു വരുന്നു .ക്ഷേത്രത്തിലെ നിത്യ നിദാനം ,മാസവിശേഷം ,ആണ്ടുവിശേഷം എന്നിവയ്ക്ക് ആവശ്യമായ ധനം കണ്ടെത്തുന്നതിന് നാട്ടുകാർ തന്നെ വസ്തുക്കൾ സമ്പാദിച്ചു തിരുനീലകണ്ഠൻ പേർക്ക് മുതൽ കൂട്ടാക്കുകയും മേൽക്കോയ്മ സ്ഥാനം മുകുന്ദപുരം താലൂക്കിൽ ചെറുവള്ളി സ്വരൂപം നമ്പൂതിരിയെ ഏൽപ്പിക്കുകയും ചെയ്തു . ഈ ക്ഷേത്രത്തിൻ്റെ തന്ത്രി സ്ഥാനം തരണനല്ലൂർ നമ്പൂതിരിപ്പാടിനാണ് .

നാട്ടുകാർ മേൽക്കോയ്മ സ്ഥാനം ഏൽപ്പിച്ചു കൊടുത്ത ചെറുവള്ളി മനക്കലെ നമ്പൂതിരിമാർ കൊല്ലവർഷം 1117 കുംഭം 18 വരെ കാര്യസ്ഥർ മുഖേനയും അതിനു ശേഷം ചന്ത്രക്കാരായ ചെത്തുവേലി മാരാർ നേരിട്ടും ദേവസ്വം ഭരണം നടത്തി പോന്നു . 18 - 02 -2002 മുതൽ ബഹു. കേരളാ ഹൈക്കോടതിയുടെ അംഗീകാരത്തോടെ ഒരു ഭരണ സംവിധാനമാണ് ക്ഷത്രത്തിൽ ഉള്ളത് .